ശബരിമലയിലേക്ക് പോയിട്ട് ഏകദേശം രണ്ട് വര്‍ഷം തികയുന്നു. ഈ വിഷുവിനു നാട്ടില്‍ പോകുമ്പോള്‍ ശബരിമലയ്ക്ക് പോയി തൊഴുത ശേഷം അവിടെ നിന്ന് പുല്‍മേട്, കുമളി വഴി തിരിച്ചു വരാന്‍ ഒരു ചെറിയ പ്ലാന്‍ തയാറാക്കി. പക്ഷേ കനത്ത ചൂടും തിരക്കും കാരണം ആ പദ്ധതി നടപ്പിലായില്ല. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് ഇരിക്കുമ്പോള്‍ ആണ് അച്ഛന്‍ ഒരു ഐഡിയ പറഞ്ഞത്. "നമുക്ക് ചമ്രവട്ടത്തിലേക്ക് പോകാം.." ഭാരതപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചമ്രവട്ടം ശാസ്താ ക്ഷേത്രം വളരെ പ്രശസ്തമാണ്. വിഷു കഴിഞ്ഞുള്ള ശനിയാഴ്ച ഞങ്ങള്‍ അവിടെ പോകാന്‍ തീരുമാനിച്ചു.
രണ്ടാമത് സര്‍വീസ് കഴിഞ്ഞു ഒരു ദീര്‍ഘ യാത്രക്കായി കാത്തു നില്‍ക്കുന്ന ഞങ്ങളുടെ പുതിയ ബുള്ളറ്റില്‍ ആണു യാത്ര. രാവിലെ 5:45ന് ഞങ്ങള്‍ കുഴല്‍മന്ദത്തില്‍ നിന്ന് യാത്ര പുറപ്പെട്ടു. 24കി.മി ദൂരെ ഉള്ള തിരിവില്വമല വില്വാദ്രിനാഥ ക്ഷേത്രം ആയിരുന്നു ആദ്യ ലക്‌ഷ്യം. 6:30നു ഞങ്ങള്‍ അവിടെ എത്തി. ഒരു ചെറിയ കുന്നിന്‍ മുകളില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവില്വാമലയിലെ വിശേഷങ്ങള്‍ മാത്രം ഒരു പുതിയ പോസ്റ്റ് എഴുതുവാന്‍ ഉള്ളത് ഉണ്ട്. തല്ക്കാലം അതിലേക്കു കടക്കാതെ തുടരുന്നു. കിഴക്ക് അഭിമുഖമായി ലക്ഷ്മണനും പടിഞ്ഞാറു അഭിമുഖമായി ശ്രീരാമനും ആണ് ഇവിടത്തെ പ്രധാന ദേവന്‍മാര്‍. ചുറ്റമ്പലത്തിനു പുറത്തായി പടിഞ്ഞാറു ഭാഗത്ത് ഹനുമാനും ഉണ്ട്. ഇവിടെ തൊഴുത ശേഷം 7 മണിയോടെ യാത്ര തിരിച്ച ഞങ്ങള്‍ ഒറ്റപ്പാലം, കുളപ്പുള്ളി, പട്ടാമ്പി വഴി എട്ടു മണിയോടെ തൃത്താല ശിവ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
![]() |
| തൃത്താല ശിവ ക്ഷേത്രത്തിന്‍റെ ഗോപുരം |
വളരെ ശാന്തമായ ഒരു പ്രദേശത്ത് ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്ത് തന്നെ ഭാരതപ്പുഴയും ഉണ്ട്. ഒട്ടും തിരിക്ക് ഉണ്ടായിരുന്നില്ല. ഉത്സവ കമ്മിറ്റികളും അവ തമ്മില്ലുള്ള മല്‍സരങ്ങളും എല്ലാം ഇവിടെയും പതിവാണെന്ന് ക്ഷേത്രത്തിനു പുറത്തു ഉണ്ടായിരുന്നു ചില പോസ്റ്ററുകളില്‍ നിന്ന് മനസിലാക്കുവാന്‍ സാധിച്ചു. ഇവിടെ തൊഴുത ശേഷം ഞങ്ങള്‍ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിലേക്ക് തിരിച്ചു. തൃത്താല പൊന്നാനി റൂട്ടില്‍ വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ വഴി കുറ്റിപ്പുറത്തേക്ക് ഉള്ള വഴിയില്‍ ആണ് പന്നിയൂര്‍. പക്ഷേ പൊന്നാനി റൂട്ടില്‍ നിന്ന് വലത്തേക്ക് തിരിയുന്നതിനു പകരം ഞങ്ങള്‍ നേരേ പോയ ഞങ്ങള്‍ എടപ്പാളില്‍ എത്തിച്ചേര്‍ന്നു. അപ്പോഴാണ് മനസിലായത് "വഴി തെറ്റി!" തിരിച്ചു തൃത്താല വരെ പോയി പന്നിയൂര്‍ക്ക് പോകുന്നത് കറക്കവും സമയ നഷ്ടവും ആയതുകൊണ്ട് ഞങ്ങള്‍ എടപ്പാളില്‍ നിന്ന് നേരേ കുറ്റിപ്പുറം വഴി തിരുനാവായയിലേക്ക് പോകുവാന്‍ തീരുമാനിച്ചു. കുറ്റിപ്പുറത്തില്‍ നിന്ന് തിരൂര്‍ റോഡില്‍ ആണ് തിരുനാവായ ക്ഷേത്രം.
ഭാരതപ്പുഴയുടെ തീരത്താണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ഞങ്ങള്‍ അവിടെ ചെന്ന ദിവസം അവിടെ ഉത്സവം കൊടിയേറിയിരിക്കുന്ന സമയമായിരുന്നു. ഗുരുവായൂര്‍ സിദ്ധാര്‍ത്ഥന്‍ തിടമ്പേറ്റി രാവിലത്തെ ശീവേലി നടക്കുകയായിരുന്നു. പഞ്ചാരി മേളം മുറുകുന്നുണ്ടായിരുന്നു. പക്ഷെ സമയത്തിന്റെ ദൌര്‍ലഭ്യം ആയിരുന്നു വില്ലന്‍. ഞങ്ങള്‍ ക്ഷേത്രനടയിലേക്ക് നടന്നു. ഇവിടെയുള്ള വളരെ മനോഹരമായ ശ്രീകൃഷ്ണ വിഗ്രഹം കാണേണ്ടത് തന്നെയാണ്. ചെറിയ വിഗ്രഹം ആണെങ്കിലും ക്ഷേത്രത്തിനു പുറത്തു നിന്ന് പോലും ഈ വിഗ്രഹം വളരെ വ്യക്തമായി കാണാം. ഒരിക്കല്‍ അവിടെ ചെന്നാല്‍ വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന ഭഗവാന്‍റെ രൂപം. ക്ഷേത്രത്തിന്‍റെ പരിസരവും മാമാങ്കം നടന്നിരുന്ന സ്ഥലങ്ങളും എല്ലാം ഒന്ന് ചുറ്റി കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സമയ പരിമിതി കൊണ്ട് അതൊക്കെ പിന്നെടോരിക്കലേക്ക് മാറ്റി വെച്ച് ഞങ്ങള്‍ അടുത്ത ലക്‌ഷ്യത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു.
തിരുനാവായയില്‍ നിന്ന് ഏകദേശം ഇരുപത് മിനിറ്റു സഞ്ചരിച്ചാല്‍ ചമ്രവട്ടത്തില്‍ എത്താം. തിരുനാവായയില്‍ നിന്ന് ആലിങ്കല്‍ റോഡിലൂടെ പോയാല്‍ അത് തിരൂര്‍ - ചമ്രവട്ടം റോഡില്‍ എത്തിച്ചേരും. ഇവിടെ നിന്ന് ഇടത്തോട്ട് ചമ്രവട്ടം, വലത്തോട്ട് പോയാല്‍ ആലത്തിയൂര്‍ വഴി തിരൂര്‍. വണ്ടി ഇടത്തോട്ട് തിരിഞ്ഞു. കുറച്ചു ദൂരം ചെന്നപ്പോള്‍ ചമ്രവട്ടം ക്ഷേത്രത്തിന്‍റെ ബോര്‍ഡ് കണ്ടു. വണ്ടി റോഡരികില്‍ നിര്‍ത്തിയിട്ടു ബോര്‍ഡില്‍ സൂചിപ്പിച്ച നടവഴിയിലൂടെ നടന്നു. രണ്ടാള്‍ക്കു കഷ്ടിച്ച് ഒപ്പം നടക്കാന്‍ പറ്റിയ ആ നടപ്പാത. അത് പഴയ വയല്‍ വരമ്പിന്റെ വശങ്ങള്‍ കല്ല് വെച്ച് കെട്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. ഈ വഴിയുടെ ഇരു വശങ്ങളും ഇപ്പോഴും നെല്‍വയലുകള്‍ തന്നെയാണ്. ഈ വരമ്പിലൂടെ ഏകദേശം 200 മീറ്റര്‍ നടന്നാല്‍ ഭാരതപ്പുഴയുടെ തീരത്ത് എത്തിച്ചേരാം.
![]() |
| ചമ്രവട്ടം ശാസ്താ ക്ഷേത്രം |
തീരത്ത് നിന്നും ഏകദേശം 50 മീറ്റര്‍ മാറി ഭാരതപ്പുഴയിലുള്ള ഒരു കൊച്ചു ദ്വീപില്‍ ആണ് ചമ്രവട്ടം ശാസ്താ ക്ഷേത്രം. മഴക്കാലത്ത് ഭാരതപ്പുഴ കവിഞ്ഞു ശ്രീകോവിലിനുള്ളിലേക്ക് വെള്ളം കയറി വിഗ്രഹം മുങ്ങുമ്പോള്‍ ആണ് ഇവിടെ ആറാട്ട് നടക്കുന്നത്. മഴക്കാലത്ത് വഞ്ചിയിലാണത്രേ ക്ഷേത്രത്തിലേക്ക് പൂജാരി വരുന്നത്. വളരെ ചെറുതും, പക്ഷെ അതിനേക്കാള്‍ പ്രസിദ്ധവും സുന്ദരവും ആണ് ഈ ക്ഷേത്രം. ക്ഷേത്രത്തെ കൂടാതെ, ഇവിടെത്തെ ഗ്രാമീണ സൌന്ദര്യവും പുഴയും പ്രകൃതിയും എല്ലാം കണ്ടാല്‍ തിരിച്ചു വരുവാന്‍ തോന്നുകയേ ഇല്ല. ക്ഷേത്രത്തിനു തൊട്ടു അടുത്തായി പുഴയില്‍ ഇപ്പൊ ഒരു റെഗുലേറ്റര്‍-കം-പാലം പണിയുന്നുണ്ട്. ഇത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ പൊന്നാനി വഴി ഇവിടേയ്ക്ക് വരുവാന്‍ എളുപ്പമായിത്തീരും. ആറാട്ട് തടസപ്പെടാതെ മഴക്കാലത്ത് ജലപ്രവാഹം ഉറപ്പു വരുത്താനുള്ള ക്രമീകരണങ്ങള്‍ ഈ റെഗുലേറ്ററില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. സംസ്ഥാനം കേരളം ആയത് കൊണ്ട് പണി കഴിഞ്ഞ ശേഷം നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം. അതായിരിക്കും അഭികാമ്യം.
ശാസ്താവിനെ വണങ്ങിയ ശേഷം പൂര്‍ണമനസ്സോടെ അല്ലെങ്കിലും അവിടെ നിന്ന് തിരിച്ചു നടന്നു. വണ്ടി നേരെ ആലത്തിയൂര്‍ക്ക് വിട്ടു. മെയിന്‍ റോഡില്‍ നിന്ന് കുറച്ചു അകത്തായിട്ടാണ് ഈ ക്ഷേത്രം. ചമ്രവട്ടത്തില്‍ നിന്ന് വരുമ്പോള്‍ ആലത്തിയൂര്‍ ജങ്ങ്ഷന്‍ കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു പോയ ശേഷം വലത്തോട്ട് തിരിയണം എന്ന് മാത്രമേ ഇപ്പൊ എനിക്ക് പറഞ്ഞു തരാന്‍ പറ്റുകയുള്ളൂ. ചുരുക്കി പറഞ്ഞാല്‍ "ബാക്കി വഴി നോം അങ്ങട് മറന്നിരിക്ക്ണു". ഇവിടെന്നു അമ്പലത്തിലേക്ക് ഏകദേശം ഒരു കിലോമീറ്റര്‍. മൂവായിരത്തില്‍ പരം വര്‍ഷത്തെ പഴക്കം ഉള്ളതാണ് ആലത്തിയൂര്‍ ക്ഷേത്രം. മുഖ്യ പ്രതിഷ്ഠ ശ്രീരാമസ്വാമി ആണ് എങ്കിലും ഈ ക്ഷേത്രം ഹനുമാന്‍ ക്ഷേതമായിട്ടാണ് അറിയപ്പെടുന്നത്. സീതാന്വേഷണത്തിനായി ലങ്കയിലേക്ക് പോകുന്നതിനു മുന്‍പ് ഹനുമാന് ഭഗവാന്‍ ശ്രീരാമന്‍ ഇവിടെ വെച്ച് ഉപദേശം നല്‍കി എന്നാണ് ഐതീഹ്യം. ചുറ്റമ്പലത്തിനു പുറത്തായി ലക്ഷ്മണ പ്രതിഷ്ഠയും ഉണ്ട്. ഉപദേശം നല്‍കുന്ന സമയത്ത് ലക്ഷ്മണന്‍ കുറച്ചു ദൂരെ മാറി നില്‍ക്കുന്നു എന്ന് സങ്കല്പം. ശ്രീരാമന്‍റെ ശ്രീകോവിലിനോട് ചേര്‍ന്ന് അദ്ദേഹത്തെ നോക്കിക്കൊണ്ട് കൈകള്‍ കൂപ്പി നില്‍ക്കുന്ന രീതിയില്‍ ആണ് ഇവിടത്തെ ഹനുമാന്‍ പ്രതിഷ്ഠ. കുഴച്ച അവില്‍ ആണ് പ്രധാന വഴിപാട്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഇവിടേക്കുള്ള സന്ദര്‍ശനം മാധ്യമങ്ങള്‍ ഒരു വാര്‍ത്തയാക്കിയതും ഈ ക്ഷേത്രത്തിന്റെ പ്രശസ്തി വര്‍ദ്ധിക്കാനിടയാക്കിയിട്ടുണ്ട്.
ആലത്തിയൂര്‍ ദര്‍ശനം കഴിഞ്ഞപ്പോള്‍ സമയം പതിനൊന്നരയോടടുക്കുന്നു. ഒരു ചായ കുടിച്ചു. രാവിലെ വഴി തെറ്റിയതു കാരണം പോകാതിരുന്ന പന്നിയൂര്‍ വഴി തിരിച്ചു പോകുവാന്‍ തീരുമാനിച്ചു. ആലത്തിയൂരില്‍ നിന്ന് നേരേ കുറ്റിപ്പുത്തിലേക്ക് തിരിച്ചു. ഭാരതപ്പുഴയുടെ തീരത്ത് കൂടിയുള്ള ഈ തിരൂര്‍ കുറ്റിപ്പുറം റോഡിലൂടെയുള്ള കാഴ്ചകള്‍ അതിമനോഹരമാണ്. അവിടെ നിന്ന് തൃക്കണ്ണാപുരം വഴി എം. ഇ.എസ് കോളേജിന് മുന്നിലൂടെ ഉള്ള വഴിയിലൂടെ കുമ്പിടി. കുമ്പിടി ജങ്ക്ഷനില്‍ നിന്ന് വലത്തോട് ഉള്ള വഴിയില്‍ ഏകദേശം അര കിലോമീറ്റര്‍ പോയാല്‍ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ എത്താം.
ഞങ്ങള്‍ പന്നിയൂരില്‍ എത്തിച്ചേരുമ്പോള്‍ സമയം പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. നട അടച്ചുകഴിഞ്ഞിരുന്നു. ഒരു മതില്‍ കെട്ടിനുള്ളില്‍ മൂന്ന് നാല് ക്ഷേത്രങ്ങള്‍. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് തകര്‍ന്ന ഒരു കെട്ടിടത്തിന്‍റെ ഭാഗങ്ങള്‍, അതിനുള്ളിലേക്ക് കയറാന്‍ ഉപയോഗിച്ചിരുന്ന പടികള്‍.. പണ്ട് കാലത്ത് തകര്‍ന്നു പോയ കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങള്‍ ആണ് അത് എന്ന് പിന്നീട് മനസിലാക്കാന്‍ സാധിച്ചു, ക്ഷേത്രത്തിന്റെ മുന്‍പില്‍ നിന്ന് തൊഴുതു. ഓഫീസ് തുറന്നിരിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ക്ഷേത്രത്തെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചുംചുരുക്കി പറഞ്ഞു തന്നു. അദ്ദേഹത്തോട് നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി. മീനം കഴിഞ്ഞു മേടം ആയെങ്കിലും ചൂടിന് കുറവൊന്നും ഉണ്ടായിരുന്നില്ല. നട്ടുച്ച നേരത്തെ പൊരിവെയിലില്‍ പത്തു പതിനാറു ഏക്കര്‍ വിസ്തീരണം ഉള്ള ആ ക്ഷേത്രസമുചയം ചുറ്റിക്കാണുവാന്‍ ശ്രമിച്ചില്ല. അവിടെനിന്നും വീട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു..
കുമ്പിടിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞു തൃത്താല റോഡിലേക്ക് കയറി. നാഗരികത തൊട്ടുതീണ്ടിയിട്ടില്ലാത്ത നാട്ടിന്‍പുറത്തെ വഴികളിലൂടെ ബുള്ളറ്റ് ഒരു ഇളം കാറ്റുപോലെ ഒഴുകി നീങ്ങി. ശ്രീ. എം. ടി. യുടെ നാടായ കൂടല്ലൂര്‍ ഈ വഴിയില്‍ ആണ്. അങ്ങനെ അദ്ദേഹത്തിന്‍റെ നാട് കണ്ടു. അദ്ദേഹത്തിന്‍റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന നിളയേയും കണ്ടു. നിളയുടെ മാറ് പിളര്‍ന്നു മണലൂറ്റി കുടിക്കുന്ന ടിപ്പര്‍ ഭൂതങ്ങളെയും കണ്ടു.. ഈ ഭാഗത്ത് ഭാരതപ്പുഴക്ക് വീതി വളരെ കൂടുതാണ്. പക്ഷെ മണല്‍ ഖനനം മൂലം നിളക്ക് പഴയ സൗന്ദര്യം നഷ്ടമായിരിക്കുന്നു. പല സ്ഥലങ്ങളിലും ചെടികള്‍ വളര്‍ന്നു കാടുപിടിച്ചിരിക്കുന്നു. പുഴയുടെ തീരത്ത് അവിടവിടെയായി പഴയക്ഷേത്രങ്ങളും ഒന്ന് രണ്ടു വലിയ വീടുകളും കാണാനുണ്ടായിരുന്നു..
ഞങ്ങള്‍ യാത്ര തുടര്‍ന്നു.. മൂന്നു മണിയോടെ വീടെത്തി. ഓര്‍ത്തു വെക്കാന്‍ ഒരുപാട് ഓര്‍മ്മകളുമായി.. വീണ്ടും പോകുവാന്‍ ഉള്ള ആഗ്രഹവുമായി..
[വഴിമുട്ടി നിന്നിരുന്ന ഈ പോസ്റ്റ് പൂര്‍ത്തിയാക്കുവാന്‍ പ്രേരിപ്പിച്ച എല്ലാവര്‍ക്കും നന്ദി. :) ]

| പന്നിയൂരിലെ തകര്‍ന്നു പോയ കൂത്തമ്പലത്തിന്റെ മുന്‍ഭാഗം |

| പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയുടെ തീരത്ത് കണ്ട ഒരു പഴയ തറവാട് |
ഞങ്ങള്‍ യാത്ര തുടര്‍ന്നു.. മൂന്നു മണിയോടെ വീടെത്തി. ഓര്‍ത്തു വെക്കാന്‍ ഒരുപാട് ഓര്‍മ്മകളുമായി.. വീണ്ടും പോകുവാന്‍ ഉള്ള ആഗ്രഹവുമായി..
[വഴിമുട്ടി നിന്നിരുന്ന ഈ പോസ്റ്റ് പൂര്‍ത്തിയാക്കുവാന്‍ പ്രേരിപ്പിച്ച എല്ലാവര്‍ക്കും നന്ദി. :) ]

Nice post, keep writing.
ReplyDeleteMunpe orickal paranjathu pole, awesome background.
:)